Latest Malayalam News - മലയാളം വാർത്തകൾ

35 ബിജെപി-ജെഡിഎസ് MLA-മാർ കോൺഗ്രസിലേക്കെന്ന് MB പാട്ടീൽ; കർണാടകയിൽ വൻ രാഷ്ട്രീയമാറ്റമെന്ന് സൂചന

NATIONAL NEWS-ബെംഗളൂരു : കർണാടക രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്കുള്ള സൂചന നൽകി മന്ത്രി എം.ബി. പാട്ടീൽ. വൈകാതെ കർണാടകയിലെ ബിജെപി – ജെ.ഡി.എസ്. എം.എൽ.എ.മാർ കൂട്ടത്തോടെ കോൺഗ്രസിൽ എത്തുമെന്ന് എം.ബി.
പാട്ടീൽ പറഞ്ഞതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു. ബി.ജെ.പിയിൽ നിന്ന് 25 എം.എൽ.എമാരും ജെ.ഡി.എസിൽ നിന്ന് 10 എം.എൽ.എമാരും കോൺഗ്രസിൽ എത്തുമെന്നാണ് പാട്ടീൽ അവകാശപ്പെടുന്നത്.

പാട്ടീലിന്റെ പ്രസ്താവന സംസ്ഥാനത്ത് വൻതോതിലുള്ള രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ജെ.ഡി.എസ്. എം.എൽ.എമാർ കോൺഗ്രസിലേക്ക് വരാൻ താത്പര്യപ്പെടുന്നുണ്ടെന്ന് വിവിധ കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന

ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിയാകണമെങ്കിൽ 19 എം.എൽ.എ.മാരുടേയും പിന്തുണ നൽകാം എന്ന മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരേയും പാട്ടീൽ രൂക്ഷവിമർശനം ഉന്നയിച്ചു.
‘നാടകീയ പ്രസ്താവന’ എന്നായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവനയേക്കുറിച്ച് പാട്ടീൽ പ്രതികരിച്ചത്. മുഖ്യമന്ത്രിയാകാനുള്ള തിരക്കിലല്ല എന്നായിരുന്നു കുമാരസ്വാമിയ്ക്ക് ഡി.കെ. ശിവകുമാർ നൽകിയ മറുപടി.

മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടെന്ന ഊഹാപോഹങ്ങള്‍ക്കിടെ ശനിയാഴ്ചയാണ് കുമാരസ്വാമി പരിഹാസരൂപേണ ജെഡിഎസിന്റെ 19 എംഎല്‍എമാര്‍ ശിവകുമാറിന് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ഒരുവിഭാഗം ജെ.ഡി.എസ്. എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന. എന്നാൽ, ഇതിന് പിന്നാലെയാണ് 10 ജെ.ഡി.എസ്. എം.എൽ.എമാരും 25 ബി.ജെ.പി. എം.എൽ.എ.മാരും വൈകാതെ തന്നെ കോൺഗ്രസിൽ എത്തുമെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രി പാട്ടീൽ തന്നെ രംഗത്തെത്തിയത്.

Leave A Reply

Your email address will not be published.