Latest Malayalam News - മലയാളം വാർത്തകൾ

അഗ്നി-5 മിസൈലിന് പിന്നിലെ മലയാളി പെണ്‍കരുത്ത്; രാജ്യത്തിന് അഭിമാനമായി ഷീന റാണിയെന്ന ‘ദിവ്യ പുത്രി’

KERALA NEWS TODAY : ന്യൂഡല്‍ഹി: ഒരേ സമയം പല ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള അഗ്നി-5 മിസൈല്‍ ചൊവ്വാഴ്ച ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. തിരുവനന്തപുരം സ്വദേശിയായ മലയാളി ശാസ്ത്രജ്ഞ ഷീന റാണിയാണ് ‘മിഷന്‍ ദിവ്യാസ്ത്ര’ എന്ന പേരില്‍ നടത്തിയ ഈ ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത് . ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് റിസേര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ(ഡിആര്‍ഡിഒ) ശാസ്ത്രജ്ഞയാണ് അവര്‍. 1999 മുതല്‍ അഗ്നി മിസൈലുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമാണ് ‘ദിവ്യ പുത്രി’ ഷീന.മള്‍ട്ടിപ്പള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍(എംഐആര്‍വി) സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഗ്നി-5 മിസൈല്‍ 25 വര്‍ഷം നീണ്ട സേവനത്തിലെ ഷീന റാണിയുടെ പ്രതിരോധ ഗവേഷണത്തിലെ പൊന്‍തൂവലായാണ് വിശേഷിപ്പിക്കുന്നത്.
ഇന്ത്യയ്ക്ക് സുരക്ഷയൊരുക്കുന്ന ഡിആര്‍ഡിഒയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ഷീന റാണി പറഞ്ഞു.
അഗ്നി സീരീസ് മിസൈലുകളുടെ വികസനത്തില്‍ സുപ്രധാന പങ്കുവഹിച്ച രാജ്യത്തിന്റെ മിസൈല്‍ സാങ്കേതിക വിദഗ്ധയായ ‘അഗ്നിപുത്രി’ ടെസ്സി തോമസിന്റെ പാത പിന്തുടര്‍ന്നാണ് ഷീന റാണിയുടെ പ്രവര്‍ത്തനം.‘ഊര്‍ജത്തിന്റെ ശക്തികേന്ദ്ര’മെന്ന് അറിയപ്പെടുന്ന 57കാരിയായ ഷീന ഡിആര്‍ഡിഒയുടെ അഡ്‌വാന്‍സ്ഡ് ലാബോറട്ടിയിലെ ശാസ്ത്രജ്ഞയാണ്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സില്‍ പരിശീലനം നേടിയ ഷീന കംപ്യൂട്ടര്‍ സയന്‍സിലും വൈദഗ്ധ്യം സ്വന്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നാണ് ഷീന റാണി ബിരുദം നേടിയത്. വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍(വിഎസ്എസ്‌സി) എട്ടുവര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. 1998-ലെ പൊഖ്‌റാന്‍ ആണവപരീക്ഷണത്തിന് ശേഷം ഡിആര്‍ഡിഒയുടെ ഭാഗമായി.
1999 മുതല്‍ അഗ്നി പരമ്പര മിസൈലുകളുടെ വിക്ഷേപണവുമായി ബന്ധപ്പെട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ ‘മിസൈല്‍ മാനും’ മുന്‍രാഷ്ട്രപതിയും ഡിആര്‍ഡിഒയുടെ മുന്‍ മേധാവിയുമായ ഡോ. എപിജെ അബ്ദുള്‍ കലാമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഷീനയുടെ പ്രവര്‍ത്തനം. ഡിആര്‍ഡിഒയെ നയിച്ചിരുന്ന ഡോ. അവിനാഷ് ചന്ദറും പ്രതിസന്ധി നിറഞ്ഞ കാലങ്ങളില്‍ തന്നെ സഹായിച്ചിരുന്നതായി ഷീന എന്‍ഡിടിവിയോട് പറഞ്ഞു.

Leave A Reply

Your email address will not be published.