
ENTERTAINMENT NEWS :ഇപ്പോൾ സിനിമാ ലോകത്ത് റി-റിലീസുകളുടെ കാലമാണ്. അടുത്തകാലത്ത് മലയാള ചിത്രം സ്പടികം തുടങ്ങി വച്ച റി-റിലീസ് ഇതര ഭാഷകളിലും വ്യാപിച്ചിരിക്കുകയാണ്. മലയാളത്തിലും ബോളിവുഡിലും തെലുങ്ക് ഉൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ റി-റിലീസ് കുറവാണെങ്കിലും തമിഴിൽ ഇതിനോടകം നിരവധി സിനിമകൾ വീണ്ടും തിയറ്ററിൽ എത്തിക്കഴിഞ്ഞു. അക്കൂട്ടത്തിലേക്ക് ഒരു മലയാള സിനിമ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങി വൻ തരംഗം തീർത്ത പ്രേമം ആണ് റി-റിലീസിന് ഒരുങ്ങുന്നത്. തമിഴ്നാട്ടിൽ ആണ് റി-റിലീസ് എന്ന് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിൽ എത്തും. കേരളത്തിന് ഒപ്പമോ അതിന് അപ്പുറമോ വൻ സ്വീകാര്യതയാണ് പ്രേമത്തിന് തമിഴ്നാട്ടിൽ ലഭിച്ചത്. കണക്കുകൾ പ്രകാരം 200 ദിവസം ആണ് ചിത്രം തമിഴ്നാട്ടിൽ ഓടിയത്. അതുകൊണ്ട് തന്നെ ഈ വാലന്റൈൻ മാസത്തിൽ വീണ്ടും പ്രേമം എത്തുമ്പോൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് തമിഴകം.
2015ൽ ആണ് പ്രേമം തിയറ്ററിൽ എത്തുന്നത്. നിവിൻ പോളി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാരായി എത്തിയത്. നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടവും പ്രണയവുമാണ് ചിത്രം പറഞ്ഞത്. അൽഫോൺസ് പുത്രൻ എന്ന സംവിധായകനെ മലയാളികൾ നെഞ്ചേറ്റിയ സിനിമകളിൽ ഒന്നും ഇത് തന്നെ. എട്ട് വർഷത്തിന് മുൻപ് പ്രേമം റിലീസ് ചെയ്തതിന് പിന്നാലെ വലിയൊരു ട്രെന്റ് തന്നെ കേരളക്കരയിൽ നടന്നിരുന്നു. സായ് പല്ലവിയുടെ മുഖക്കുരു മുഖവും അനുപമയുടെ സൈഡിലേക്കിട്ട മുടിയുമെല്ലാം ആൺ-പെൺ ഭേദമെന്യെ ഏവരും ആഘോഷമാക്കിയിരുന്നു. ഇവയെക്കാൾ ജോർജിന്റെ കറുത്ത ഷർട്ടും വെള്ള മുണ്ടും വൻ ട്രെന്റ് ആണ് കേരളത്തിൽ ഉണ്ടാക്കിയത്. പ്രത്യേകിച്ച് കോളേജുകളിൽ. കൃഷണ ശങ്കർ, വിനയ് ഫോർട്ട്, സിജു വിൽസൺ, ശബരി, സൗബിൻ ഷാഹിർ, രഞ്ജി പണിക്കർ തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. 70 കോടിക്ക് മേലാണ് പ്രേമത്തിന്റെ ഫൈനൽ കളക്ഷൻ എന്നാണ് അനൗദ്യോഗിക വിവരം.