Kerala News Today-പാലക്കാട്: കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ വ്യാപാരി സിദ്ദീഖിൻ്റെ കൊലയ്ക്കുപിന്നില്‍ വ്യക്തിപരമായ കാരണമാണെന്ന് നിഗമനമെന്ന് മലപ്പുറം എസ് പി. കൊല നടന്നത് 18നും 19നും ഇടയിലാണ്. ട്രോളി ബാഗുമായി പ്രതികള്‍ കോഴിക്കോട്ടെ ഹോട്ടലില്‍നിന്ന് ഇറങ്ങിയത് 19നാണ്. പോലീസ് കസ്റ്റഡിയിലുള്ള മൂന്നുപ്രതികളും കൊലയില്‍ പങ്കാളികളെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഹണി ട്രാപ്പ് ഉണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും എസ് പി സുജിത്ത് ദാസ് അറിയിച്ചു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷിബിലിയെയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയെയും റെയില്‍വേ സുരക്ഷാ സേനയുടെ സഹായത്തോടെയാണ് പിടികൂടിയത്. ചെന്നൈയില്‍ നിന്ന് പിടികൂടി കസ്റ്റഡിയിലെടുത്ത ഇരുവരെയും ഇന്ന് രാത്രിയോടെ കേരളത്തില്‍ എത്തിക്കും. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലെ കാരണവും കൊലപാതക രീതിയും അറിയാന്‍ സാധിക്കുകയുള്ളൂ എന്നും എസ് പി പറഞ്ഞു. അട്ടപ്പാടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി.
മൊബൈല്‍ ഫോണ്‍, സിസിടിവി എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുമാണ് മൃതദേഹം അട്ടപ്പാടിയില്‍ ഉണ്ടെന്ന് മനസിലായത്. കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണ് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിക്കു എന്ന ആഷിക്കാണ് കസ്റ്റഡിയിലെടുത്ത മൂന്നാമത്തെ പ്രതി. മൂന്നുപേര്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഫര്‍ഹാനയുടെ സുഹൃത്താണ് ചിക്കു. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുമെന്നും എസ് പി പറഞ്ഞു.
Kerala News Today