KERALA NEWS TODAY MALAPPURAM:മലപ്പുറം: രണ്ട് റീച്ചുകളിലായി മലപ്പുറം ജില്ലയിൽ ദേശീയപാത 66 ആറുവരിപ്പാതയുടെ നിർമാണം പുരോഗമിക്കുന്നു. 501.62 ഏക്കർ ഭൂമി ഏറ്റെടുത്താണ് 77 കിലോമീറ്റർ നീളത്തിൽ ജില്ലയിൽ റോഡ് നിർമാണം നടക്കുന്നത്. എട്ട് മാസത്തിനകം നിർമാണം പൂർത്തിയാകുമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. 4507.5 കോടി രൂപ ചിലവഴിച്ചാണ് പ്രവർത്തനങ്ങൾ. പാതയുടെ ഇരുവശത്തുമായി സ്ട്രീറ്റ് ലൈറ്റുകളും നിരീക്ഷണ ക്യാമറകളും ഒരുക്കും. ട്രാഫിക് സിഗ്‌നലുകളോ ജങ്ഷനുകളോ ഇല്ലാത്ത പാതയാണ് മലപ്പുറത്ത് ഒരുങ്ങുന്നത്. പാതയുടെ അരികിലായി സർവീസ് റോഡുകളും റോഡിലേക്ക് ഇറങ്ങാനുള്ള വഴികളും ഉണ്ടാകും.മലപ്പുറത്ത് ആറുവരിപ്പാതയുടെ നിർമാണത്തിന് 4507.5 കോടിയാണ് ചിലവഴിക്കുന്നത്. സ്ഥലമേറ്റെടുപ്പിനുള്ള തുക ഇതിൽ ഉൾപ്പെടില്ല. പാതയിലെ പാലങ്ങൾ, കലുങ്കുകൾ, അടിപ്പാത ഉൾപ്പെടെയുള്ളവയുടെ നിർമാണത്തിനായാണ് ഈ തുക. ജില്ലയിലെ ആദ്യ റീച്ച് രാമനാട്ടുകരയിൽ നിന്ന് ആരംഭിച്ച് വളാഞ്ചേരിവരെയുള്ള 39.68 കിലോമീറ്റർ നീളത്തിലാണ്. രണ്ടാം റീച്ച് വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുള്ള 37.35 കിലോമീറ്ററും. രണ്ട് റീച്ചും നിർമിക്കുന്നത് ഒരേ കമ്പനിയാണ്.