പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഇറാനിൽ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപെട്ട് 50ലേറെ പേർ മരിച്ചു. ബസ് ഒരു ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടം സംഭവിച്ചത്. ബസിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് പറയുന്നത്. ഇറാനിൽ നിന്ന് അടുത്തിടെ തിരിച്ചെത്തി തലസ്ഥാനമായ കാബൂളിലേക്ക് പോവുകയായിരുന്ന അഫ്ഗാനികളാണ് ബസിലുണ്ടായിരുന്നത്.
സമീപ മാസങ്ങളിൽ ഇറാനിൽ നിന്ന് നാടുകടത്തപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്ത അഫ്ഗാൻ വംശജരുടെ വലിയൊരു നിരയുടെ ഭാഗമാണ് അപകടത്തിൽ മരിച്ചവർ. ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിലാണ് അപകടം നടന്നത്. മരിച്ചവരിൽ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്. ട്രക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരും മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന മറ്റ് രണ്ട് പേരും മരിച്ചു.