Latest Malayalam News - മലയാളം വാർത്തകൾ

എം പോക്‌സ് ; ഇന്ത്യയിലെ വിമാനത്താവളങ്ങളിലടക്കം ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

M. Pox; Ministry of Health has issued precautionary measures including at airports in India

ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാര്‍ഡുകള്‍ സജ്ജമാക്കുക, വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ മുന്‍കരുതല്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ശരീരത്തില്‍ തിണര്‍പ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവര്‍ക്ക് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കണമെന്നും ആശുപത്രികൾക്ക് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡല്‍ഹിയിലെ നോഡല്‍ ആശുപത്രികളായ സഫ്ദര്‍ജുങ്, ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജ്, റാം മനോഹര്‍ ലോഹിയ ആശുപത്രി എന്നിവിടങ്ങളില്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സംശയമുള്ള രോഗികളില്‍ ആര്‍ടി- പിസിആര്‍, നാസല്‍ സ്വാബ് എന്നീ പരിശോധനകള്‍ നടത്തണം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിമാനത്താവളങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈയടുത്താണ് ലോകാരോഗ്യ സംഘടന എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് എംപോക്‌സിനെ ഇത്തരത്തില്‍ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത്. ലൈംഗിക സമ്പര്‍ക്കമുള്‍പ്പെടെയുള്ള ഇടപെടലുകളിലൂടെ പെട്ടെന്ന് പടരുന്ന രീതിയില്‍ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.