ലൗ ജിഹാദ് ആരോപണത്തെ തുടർന്ന് കേരളത്തിൽ അഭയം തേടിയിരിക്കുകയാണ് ജാർഖണ്ഡ് സ്വദേശികൾ. ജാർഖണ്ഡ് ചിത്തപ്പൂർ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വർമ്മയുമാണ് കായംകുളത്ത് എത്തി വിവാഹിതരായത്. ജാർഖണ്ഡിൽ വധഭീഷണി നേരിടുന്നുവെന്ന് ഇരുവരും പറയുന്നു. ഇത് ഭയന്നാണ് ഇരുവരും കേരളത്തിലെത്തിയത്. ഇവരുടെ ബന്ധുക്കൾ കായംകുളത്ത് എത്തിയെങ്കിലും അവരോടൊപ്പം പോകാൻ ഇരുവരും തയ്യാറായില്ല. പൊലീസുകാരോടൊപ്പമണ് ബന്ധുക്കൾ എത്തിയത്. കുടുംബത്തിനെതിരെയും വധഭീഷണി ഉണ്ടെന്ന് ഇവർ പറയുന്നു. പ്രായ പൂർത്തിയായവരാണെന്നും സംരക്ഷണം നൽകുമെന്നും കായംകുളം ഡിവൈഎസ്പി വ്യക്തമാക്കി. ഇരുവരും പത്ത് വർഷമായി പ്രണയത്തിലായിരുന്നു.
കഴിഞ്ഞ മാസം ആശ വർമയുടെ കുടുംബം 45കാരനുമായി വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് വിദേശത്ത് നിന്ന് മുഹമ്മദ് ഗാലിബ് നാട്ടിലേക്കെത്തുകയായിരുന്നു. എന്നാൽ ഇതര മതസ്ഥരായതിനാൽ ഇരുകൂട്ടരുടെയും ബന്ധുക്കൾ വിവാഹത്തിന് സമ്മതിച്ചില്ല. തുടർന്ന് ലൗ ജിഹാദ് എന്ന ആരോപണ ഉയർന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് സംഘർഷങ്ങളിലേക്ക് നീങ്ങുന്ന സംഭവങ്ങൾ ഉണ്ടായി. പിന്നീട് മുഹമ്മദ് ഗാലിബിനൊപ്പം ജോലി ചെയ്യുന്ന ഗൾഫിലെ തന്റെ കൂട്ടുകാരനായ കായംകുളം സ്വദേശിയാണ് കേരളത്തിലേക്ക് എത്താൻ ആവശ്യപ്പെട്ടത്. തുടർന്നാണ് ഇരുവർ കേരളത്തിലെത്തിയത്. ഇവരുടെ സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ഫെബ്രുവരി 9നാണ് ഇവർ കേരളത്തിൽ എത്തിയത്. 11ന് ഇരുവരും ഇസ്ലാം മത വിശ്വാസ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു.