Latest Malayalam News - മലയാളം വാർത്തകൾ

വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കി ലോക്സഭ

Lok Sabha passes Waqf Act Amendment Bill

മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വോട്ടെടുപ്പിനും പിന്നാലെ വഖഫ് ബില്ല് ലോക്സഭ പാസാക്കി. പതിനാല് മണിക്കൂറോളമാണ് ചർച്ചകൾ നീണ്ടു പോയത്. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ തള്ളിയാണ് ബിൽ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 232 അംഗങ്ങൾ എതിർത്തു. എന്‍കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെസി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണൻ, ഇടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. ഇതോടെ ബിൽ ലോക്സഭ കടന്നു. രാജ്യസഭയിലും കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെച്ചാൽ വഖഫ് നിയമ ഭേദഗതി പ്രാബല്യത്തിൽ വരും.

വഖഫ് സ്വത്തുക്കള്‍ നിയമ വിധേയമാക്കുകയാണ് ലക്ഷ്യം. ഈ ബില്ല് മുസ്‌ലിം വിരുദ്ധമല്ല. ട്രിബ്യൂണലില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതിനെല്ലാം പുതിയ ബില്ലിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നും കേന്ദ്ര പാർലമെൻ്റ്കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും കിരൺ റിജിജു പറഞ്ഞു.

വഖഫ് ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞിരുന്നു. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ച് കടക്കുന്നതിന്റെ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കാനും ഈ ബില്ല് ഉദ്ദേശിക്കുന്നുവെന്നും കെ രാധാകൃഷ്ണന്‍ എംപി ചൂണ്ടിക്കാട്ടിയിരുന്നു.

Leave A Reply

Your email address will not be published.