ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയത് സ്മൃതി ഇറാനിയും അര്‍ജിന്‍ മുണ്ടയുമടക്കം ബിജെപിയുടെ 13 കേന്ദ്രമന്ത്രിമാര്‍ക്ക്. ഹിന്ദി ഹൃദയഭൂമിയിലടക്കം കേന്ദ്രമന്ത്രിമാര്‍ നേരിട്ട തിരിച്ചടി ബിജെപിയുടെ കരുത്ത് ചോരുന്നതിന് ആക്കംകൂട്ടി. അമേഠിയില്‍ സ്മൃതി ഇറാനിക്ക് നേരിടേണ്ടിവന്ന പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വീഴ്ചകളില്‍ ഒന്നായിമാറി. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കേരളത്തില്‍ അങ്കത്തിനിറങ്ങിയെങ്കിലും രണ്ടുപേര്‍ക്കും വിജയിക്കാനായില്ല. കേന്ദ്ര ഇലക്ട്രോണിക് – ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് 16,000-ത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വിജയം നേടാനായില്ല. 2019-ല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെ ദേശീയ ശ്രദ്ധനേടിയ നേതാവായിമാറിയ ഇറാനി ഇത്തവണ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മയോട് 1,67,196 വോട്ടുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. അമേഠിയിലെ സ്മൃതി യുഗമാണ് ഇതോടെ അവസാനിച്ചത്. അവരുടെ നേതൃത്വത്തില്‍ ബിജെപി കോട്ടയായി അമേഠി മാറിക്കൊണ്ടിരിക്കുന്നു എന്നുപോലും വിലയിരുത്തപ്പെട്ടിരുന്നു. രാഹുലിനെ അവര്‍ പല അവസരത്തിലും രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഇക്കുറി വയനാട്ടിലും റായ്ബറേലിയിലും വന്‍ കുതിപ്പ് നടത്തുന്നതിനിടെ സ്മൃതിക്ക് അമേഠിയില്‍ അടിതെറ്റി.