വയനാട് ജില്ലയിലെ ചീരാലിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടു. കടുവയുടെ സാന്നിധ്യം ഉണ്ടായതിന് പിന്നാലെ പ്രദേശവാസികൾ ആശങ്കയിലാണ്. ഇന്ന് രാവിലെ 9 മണിയോടെയാണ് ചീരാൽ പഴൂർ റോഡിൽ പണിക്കരുപടിയിൽ വെച്ച് പ്രദേശവാസി ജിതേഷ് കടുവയെ കണ്ടത്.ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുണ്ടക്കൊല്ലിയിലും കടുവയെ കണ്ടതായി സൂചനകളുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ചീരാൽ മേഖലയിൽ കടുവാ ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടത് നാട്ടുകാരിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും വനം വകുപ്പും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
