KERALA NEWS TODAY KOZHIKODE:കേരളത്തിലെ പ്രധാന പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഫറോക്ക് പഴയ പാലത്തിൽ നടക്കും.
ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം വൈകുന്നേരം ഏഴു മണിക്ക് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. തുടർന്ന് പാലത്തിന് സമീപം തയ്യാറാക്കിയിട്ടുള്ള മിനിസ്റ്റേജിൽ സംഗീത പരിപാടി അരങ്ങേറും. കാഴ്ചക്കാർക്കുള്ള സെൽഫി പോയിന്റും പാലത്തിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.
മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ വി മുസാഫർ അഹമ്മദ്, ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി അബ്ദുൽ റസാഖ്, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി രാജൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എംഡി എസ് സുഹാസ് , ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. നിഖിൽ ദാസ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ പരിപാടിയിൽ പങ്കെടുക്കും.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗമാണ് പാലത്തിൽ വൈദ്യുത ദീപാലങ്കാരം ഒരുക്കുന്നത്. ആർബി ഡിസികെ ആണ് പദ്ധതി നിർവഹണത്തിനുള്ള 1.65 കോടി രൂപ ചെലവഴിക്കുന്നത്. പാലത്തിൽ സെൽഫി പോയിന്റിനു പുറമേ വീഡിയോ വാൾ, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാർഡൻ മ്യൂസിക്, കുട്ടികളുടെ പാർക്ക്, സൗജന്യ വൈഫൈ, വി ആർ ഹെഡ്സെറ്റ് മൊഡ്യൂൾ, ടോയ് ലെറ്റ് ബ്ലോക്ക് , നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്നൽ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.