മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നബീസയുടെ മകൾ ഫാത്തിമയുടെ മകൻ കരിമ്പ പടിഞ്ഞാറേതിൽ ബഷീർ, ഭാര്യ ഫസീല എന്നിവർ കുറ്റക്കാരെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. കൊലപാതക കുറ്റം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിച്ചതിന് ബഷീറിന് 7 വർഷം തടവും 25000 പിഴയും വിധിട്ടുണ്ട്. പിഴത്തുക നബീസയുടെ ബന്ധുക്കൾക്ക് കൈമാറണം. ശിക്ഷാ വിധിയിൽ തൃപ്തരെന്ന് പ്രോസിക്യൂഷനും നബീസയുടെ കുടുംബവും പ്രതികരിച്ചു.
സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയ ബഷീറും ഭാര്യയും വിഷം നൽകി നബീസയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 ജൂൺ 23നാണ് നബീസ കൊല്ലപ്പെട്ടത്. ജൂൺ 24ന് രാവിലെ മണ്ണാർക്കാടിനടുത്ത് ആര്യമ്പാവ് ചെട്ടിക്കാടിൽ നബീസയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തെ സഞ്ചിയിൽ നിന്ന് ആത്മഹത്യയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കുറിപ്പും ഫോണും കണ്ടെടുത്തിരുന്നു. എന്നാൽ പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിയുന്നത്. ബഷീർ താമസിക്കുന്ന മണ്ണാർക്കാട് നമ്പിയംകുന്നിലെ വാടകവീട്ടിലേക്ക് കൊണ്ടുപോയി തർക്കത്തിനിടയിൽ നബീസയെ കൊലപ്പെടുത്തുകയായിരുന്നു. രാത്രി കഞ്ഞിക്കൊപ്പം നൽകിയ കറിയിൽ വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം.