നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു.ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയതായാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ത്രിശൂൽ നദിയിലേക്കാണ് ബസ്സുകൾ മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. നേപ്പാളിലെ മദൻ-ആശ്രിദ് ദേശീയപാതയിലായിരുന്നു അപകടം.
ഇരു ബസ്സുകളിലുമായി 66 പേരാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരം. ദുരന്തസമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് പേരാണ് അധികൃതരെ വിവരമറിയിച്ചത്. അപകടത്തിന് പിന്നാലെ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ അനുശോചനം അറിയിച്ചു. കനത്ത മഴയായിരുന്നതിനാൽ നദിയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. നിലവിൽ പ്രദേശത്തു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിൽ മൂലം അപകടം നടന്ന മേഖലയിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ നേപ്പാളിന്റെ വിവിധ മേഖലകളിൽ ഇപ്പോഴും കനത്ത മഴയാണ് തുടരുകയാണ്.