ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച കായികതാരമായി പോർച്ചുഗീസ് ഇതിഹാസ ഫുട്ബാളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫോബ്സ് പുറത്തുവിട്ട പട്ടികയിലാണ് കരിയറിൽ നാലാം തവണയും താരം ഒന്നാമതെത്തുന്നത്. വൻ തുകക്ക് സൗദി പ്രോ ലീഗിലെ അൽ നസ്റിലേക്ക് ചേക്കേറിയതാണ് റൊണാൾഡോയുടെ വരുമാനം കുത്തനെ ഉയർത്തിയത്. 260 ദശലക്ഷം ഡോളറാണ് 39കാരന്റെ കഴിഞ്ഞ വർഷത്തെ സമ്പാദ്യം.
അതേസമയം, അമേരിക്കൻ മേജർ ലീഗിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി പട്ടികയിൽ മൂന്നാമതാണ്. 136 ദശലക്ഷം ഡോളറാണ് സമ്പാദ്യം.
218 ദശലക്ഷം വരുമാനമുണ്ടാക്കിയ സ്പാനിഷ് ഗോൾഫ് താരം ജോൺ റാം ആണ് ഫോബ്സ് പട്ടികയിൽ രണ്ടാമതായി ഇടംപിടിച്ചത്. 110 ദശലക്ഷം ഡോളറുമായി ഫ്രഞ്ച് ഫുട്ബാളർ കിലിയൻ എംബാപ്പെ ആറാമതുണ്ട്. സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയതോടെ ബ്രസീലിയൻ താരം നെയ്മറും ഫ്രഞ്ചുകാരൻ കരിം ബെൻസേമയും ആദ്യ പത്തിൽ ഇടംപിടിച്ചു. നെയ്മർ ഏഴും ബെൻസേമ എട്ടും സ്ഥാനങ്ങളിലാണ്. ബാസ്കറ്റ് ബാൾ താരങ്ങളായ ലെബ്രോൺ ജെയിംസ് (നാല്), ജിയാനിസ് ആന്റെ ടോകുംബോ (അഞ്ച്) സ്റ്റീഫൻ കറി (ഒമ്പത്) അമേരിക്കൻ ഫുട്ബാളർ ലമർ ജാക്സൻ (പത്ത്) എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റു താരങ്ങൾ.