KERALA NEWS TODAY:കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. ഇന്ത്യൻ വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിലാണ് മൃതദേഹങ്ങൾ കൊണ്ട് വരുന്നത്. തമിഴ്നാട്, കർണാടക സ്വദേശികളുടെയും മൃതദേഹങ്ങൾ കൊച്ചിയിലേക്കാണ് കൊണ്ട് വരുന്നത്.
മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നതിനായി 23 ആംബുലൻസുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ആംബുലസുകൾക്കും പോലീസിൻ്റെ അകമ്പടിയോടെയാണ് അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുക.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. മന്ത്രിമാരായ പി രാജീവ്, കെ രാജൻ, റോഷി അഗസ്റ്റിൻ എന്നിവർ എയർപോർട്ടിലെത്തി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും നെടുമ്പാശേരിയിലെത്തും.
തഞ്ചാവൂർ സ്വദേശി ഭുനാഫ് റിച്ചാർഡ്, കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു,വയ്യാങ്കര സ്വദേശി ഷമീർ, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ എന്നിവരടക്കമുള്ള മലയാളികളുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.