കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ ബോബിയുടെ ദുരൂഹ മരണത്തിൽ അയൽവാസി പൊലീസ് കസ്റ്റഡിയിൽ. പന്നികളെ പിടിക്കാൻ വെച്ച വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റാണ് ബോബി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലായ അയൽവാസിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ വീട്ടിൽനിന്ന് വൈദ്യുതിക്കെണിയുമായി ബന്ധപ്പെട്ട ചില വസ്തുക്കളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീടിന് സമീപത്തുള്ള പറമ്പിൽ ബോബിയെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വൈദ്യുതി വേലിയിൽനിന്നാണ് ഷോക്കേറ്റതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ സംഭവത്തിൽ അയൽവാസിയുടെ പങ്ക് സംശയിക്കുന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങി.
