KERALA NEWS -കോട്ടയം: പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം ജെയ്ക് സി. തോമസിന്റെ പേരിന് മുൻതൂക്കം. ബുധനാഴ്ച വൈകീട്ടുനടന്ന എട്ട് സി.പി.എം. ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റികളും ജെയ്ക്കിന്റെ പേരാണ് നിർദേശിച്ചത്.
ജില്ലാ സെക്രട്ടേറിയറ്റംഗം റജി സഖറിയയുടെ പേരാണ് രണ്ടാമതായി വന്നത്.
ശനിയാഴ്ച സ്ഥാനാർഥിപ്രഖ്യാപനം ഉണ്ടാകും.
ലോക്കൽ കമ്മിറ്റികളും സി.പി.എം. ജില്ലാകമ്മിറ്റിയും സെക്രട്ടേറിയറ്റും നിർദേശിച്ച പേരുകളും ചേർത്ത് സംസ്ഥാന സെക്രട്ടേറിയറ്റിന് റിപ്പോർട്ട് നൽകി.
അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കണം.
ഉമ്മൻചാണ്ടിയുടെ മരണംമൂലമുള്ള സഹതാപമുണ്ടെങ്കിലും ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങണമെന്നാണ് അഭിപ്രായം വന്നത്.
ജെയ്ക് സി. തോമസ് മുൻ മത്സരങ്ങളിൽ കാഴ്ചവെച്ച ശക്തമായ പോരാട്ടവും ഓർമിപ്പിച്ചു.
അദ്ദേഹത്തിനുള്ള സാമുദായികപിന്തുണയും പരിഗണിക്കേണ്ടതുണ്ടെന്ന അഭിപ്രായം വന്നു. സെക്രട്ടേറിയറ്റ് യോഗത്തിലും ജെയ്കിന്റെയും റെജി സഖറിയയുടെയും പേരുകൾക്കാണ് പരിഗണന വന്നത്.