കൊട്ടാരക്കര താലൂക്ക് തഹസിൽദാർ എം.കെ അജികമാർ, ഡെപ്യൂട്ടി തഹസിൽദാർ (ഇൻസ്പെക്ഷൻ) വി. അനിൽകുമാർ, ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന ടി. മനോജ് എന്നിവരെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഈ ഉദ്യോഗസ്ഥർക്കെതിരെ റവന്യൂ വിജിലൻസ് വകുപ്പിന്റെ അന്വേഷണത്തിനും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിട്ടു.
താൽക്കാലിക അടിസ്ഥാനത്തിൽ കൊട്ടാരക്കര താലൂക്കിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മനോജ് എന്ന വ്യക്തിയെ അടിയന്തരമായി ജോലിയിൽ നിന്നും നീക്കം ചെയ്യണം. മനോജിന്റെ വാഹനം താലൂക്കിലെ ആവശ്യങ്ങൾക്കായി വാടകക്ക് നൽകിയിരിക്കുകയാണെങ്കിൽ അടിയന്തരമായി ഈ വാടകക്കരാർ റദ്ദാക്കുവാനും കൊല്ലം കലക്ടർക്ക് നിർദേശം നൽകി.
നിരവധി ക്വാറികളുള്ള കൊട്ടാരക്കര താലൂക്കിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ക്വാറിക്ക് വേണ്ടി പോലും വില പേശുന്ന തരത്തിൽ ആഴത്തിലുള്ളതാണ് ഇവിടത്തെ അഴിമതിയെന്ന് വ്യക്തമായി. മെയ് അഞ്ചിനാണ് കൊട്ടാരക്കര താലൂക്ക് ഓഫീസിലും പരിസരത്തും അന്വേഷണം നടത്തയത്.