കൊല്ലം സ്വദേശിനിയായ യുവതിയും മകളും ഷാർജയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ആരോപിച്ചാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഷീലയാണ് ഹൈക്കോടതിയെ സമീപിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ട്. ഇരുവരുടെയും മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ ഇടപെടണം. നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
അതേസമയം വിപഞ്ചികയുടെയും മകളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അമ്മ ഷൈലജയ്ക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉറപ്പ് നല്‍കി. സാധ്യമായതെല്ലാം ചെയ്യുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ ഞെട്ടലോടെയാണ് വിപഞ്ചികയുടെയും മകളുടെയും മരണം കേരളം കേട്ടത്. നിരന്തരമായ മാനസിക ശാരീരിക പീഡനങ്ങൾ ഭർതൃ ഗൃഹത്തിൽ നിന്നും വിപഞ്ചിക നേരിട്ടിരുന്നു എന്ന് ആത്മഹത്യ കുറിപ്പിൽ നിന്നും വ്യക്തമാണ്. ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി, നിതീഷിന്റെ പിതാവ് എന്നിവരാണ് തന്റെ മരണത്തിന് കാരണക്കാരെന്ന് വിപഞ്ചിക ആത്മഹത്യ കുറിപ്പിൽ കൃത്യമായി പറയുന്നുണ്ട്.