മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇന്നും കോടതിയിൽ ഹാജരായില്ല. ജോലി തിരക്കുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്ന് പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതോടെ കുറ്റപത്രം വായിക്കുന്നത് തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതി മാറ്റിവച്ചു. ആഗസ്റ്റ് 16 ലേക്കാണ് കേസ് മാറ്റിയത്.
കേസിനാസ്പദമായ സംഭവം നടന്നിട്ട് അഞ്ച് വർഷം കഴിഞ്ഞെങ്കിലും കേസിൽ ഇതുവരെ വിചാരണ തുടങ്ങാറായിട്ടില്ല. ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് കേസിൽ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെഎം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.