KERALANEWS THIRUVANATHAPURAM THIRUVANATHAPURAM:തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
പച്ചക്കൊടി കാട്ടി കപ്പലിനെ സ്വീകരിച്ചു. വാട്ടർ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ
മുഖ്യാതിഥിയായി.തുറമുഖത്തിനാവശ്യമായ മൂന്ന് ക്രയിനുകളുമായിട്ടാണ് ആദ്യ കപ്പലെത്തിയത്. ഓഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ്
തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലാണ് 40 ദിവസത്തിന് ശേഷം വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന്‍ നിര്‍മാതാക്കളായ
ഷാന്‍ഗായ് പിഎംസിയുടെ കപ്പലാണിത്.മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ലത്തീൻ സഭാ പ്രതിനിധിയും എത്തി. വിഴിഞ്ഞം ഇടവക വികാരി മോൺസിഞ്ഞോർ നിക്കോളാസാണ് എത്തിയത്.
അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. 500 പേർക്കിരുന്ന് പരിപാടി വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു.കേന്ദ്ര വിദേശകാര്യ,
പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്
ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ
ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി,
അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ചടങ്ങിൽ
സന്നിഹിതരായിട്ടുണ്ട്.