KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം കോഴക്കേസിൽ മുൻകൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍. ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹർജി നൽകിയത്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നും പോലീസ് അറസ്റ്റ് ചെയ്തു പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് പരാതി. സര്‍വകലാശാല കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് തങ്ങൾ പരിശീലിപ്പിച്ച ടീമാണ്. വിധികർത്താവിന് കോഴ നൽകിയിട്ടില്ലയ ആരോപണം പോലീസ് കെട്ടിച്ചമച്ചതാണ്. തങ്ങൾക്കെതിരായ കേസ് ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെ ഭാവിയെയും ബാധിക്കും. കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിന് സമമാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കന്റോൺമെന്റ് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നും പരിശീലകര്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണത്തോടെ കേരള സർവ്വകലാശാല കലോത്സവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവിലാണ് എത്തിയിരിക്കുന്നത്. താൻ പണം വാങ്ങിയിട്ടില്ലെന്നും നിരപരാധിയെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ പിഎൻ ഷാജി പറഞ്ഞിരിക്കുന്നത്. ഇന്ന് ഷാജിയെ പൊലീസ് ചോദ്യം ചെയ്യാനിരുന്നതാണ്. അതിനിടെയാണ് ഇന്നലെ ഷാജി ജീവനൊടുക്കിയത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഇദ്ദേഹം.