വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി വിമാന ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും ചെയ്ത മലയാളി അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായ സംഭവത്തിൽ കണ്ണൂർ സ്വദേശി മുഹമ്മദ് ബി.സിയാണ് അറസ്റ്റിലായത്.
മെയ് എട്ടിന് ദുബൈ-മംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കേസിനും അറസ്റ്റിനും വഴിവെച്ച സംഭവങ്ങൾ നടന്നത്. ദുബൈ-മംഗളൂരു യാത്രക്കിടെയാണ് വിമാന ജീവനക്കാരോട് ഇയാൾ മോശമായി പെരുമാറിയത്. കൂടാതെ, ജീവനക്കാർക്കും സഹയാത്രികർക്കും നിരന്തരം അസൗകര്യം സൃഷ്ടിക്കാനും ശ്രമിച്ചു. വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത് മറ്റ് യാത്രക്കാരെ പരിഭ്രാന്തിയിലാകാനും കാരണമായെന്ന് പൊലീസ് പറയുന്നു.
മംഗളൂരു വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരനെ അധികൃതർ് ബാജ്പേ പൊലീസിന് കൈമാറി. എയർ ഇന്ത്യ എക്സ്പ്രസ് സെക്യൂരിറ്റി കോർഡിനേറ്റർ സിദ്ധാർഥ് ദാസിന്‍റെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.