കീം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവാണ് വാർത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. ആണ്‍കുട്ടികള്‍ക്കാണ് ആദ്യ മൂന്നു റാങ്കുകളും. എറണാകുളം സ്വദേശി പൂര്‍ണിമ രാജീവാണ് പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയത്. റാങ്ക് പട്ടികയിലെ ആദ്യ 100ല്‍ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ് കൂടുതല്‍.
പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. 79,044 വിദ്യാര്‍ത്ഥികളാണ് ആദ്യ ‘കീം’ ഓൺലൈൻ പ്രവേശന പരീക്ഷയെഴുതിയത്. ഇവരിൽ 52500 പേരാണ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. കൂടാതെ യോഗ്യത നേടിയവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 4261 പേരുടെ വർധനയും ഉണ്ട്.
ആദ്യ നൂറു റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ നൂറു റാങ്കിൽ ഉൾപ്പെട്ട 75 പേർ ഒന്നാം അവസരത്തിൽതന്നെയാണ് യോഗ്യത നേടിയത്. രണ്ടാം അവസരത്തിൽ ഈ റാങ്കിനുള്ളിൽ വന്നവർ 25 പേരാണ്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരിൽ ഏറ്റവും കൂടുതൽ ആളുകൾ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 6568 പേരാണ് എറണാകുളം ജില്ലയിൽ നിന്നും റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്.