കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. അനധികൃത ഖനന കേസില്‍ സിബിഐ ആണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. അനധികൃതമായി ഖനനം ചെയ്ത ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയതില്‍ 2010ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനധികൃതമായി കടത്തിയ നാല് ഖനന കമ്പനികളില്‍ ഒന്ന് എംഎല്‍എയുടെ ഉടമസ്ഥതയിലുള്ളതാണ്. കേസില്‍ ബംഗളൂരു സിബിഐ കോടതി സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പടെ ആറ് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എംഎല്‍എയേയും കൂട്ടുപ്രതികളെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. കേസില്‍ കോടതി നാളെ വിധി പറയും.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്താനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കിയിരുന്നത് സതീഷ് കൃഷ്ണ സെയിലായിരുന്നു. അര്‍ജുന്റെ മൃതദേഹം വീട്ടിലെത്തിക്കുന്ന വേളയില്‍ സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെയുള്ള സംഘം അര്‍ജുന്റെ വീട്ടിലെത്തിയിരുന്നു. ബെലേക്കേരി ഖനന കേസില്‍ സമര്‍പ്പിച്ച ആറ് കേസുകളിലെ അന്തിമ ശിക്ഷാ വിധിയാണ് നാളെ വരാനിരിക്കുന്നത്. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മഹേഷ് ബിലേയ്, എംഎല്‍എ സതീഷ് എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അനുമതിയില്ലാതെ 11,312 മെട്രിക് ടണ്‍ ഇരുമ്പയിര് എംഎല്‍എയും കൂട്ടരും കടത്തിയെന്നാണ് കേസ്. ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്നതാണ് കേസ്.