പരിയേറും പെരുമാള്‍ ചിത്രത്തിലെ കറുപ്പി എന്ന കഥാപാത്രമായി എത്തിയ നായയ്ക്ക് ദാരുണാന്ത്യം. ദീപാവലി ആഘോഷങ്ങൾക്കിടയിൽ പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം കേട്ട് വിരണ്ട് ഓടുന്നതിനിടെ വാഹനമിടിച്ചാണ് അന്ത്യം. ചിത്രത്തില്‍ കതിര് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ വളര്‍ത്തു നായയായിരുന്നു കറുപ്പി. മേല്‍ജാതിക്കാരാല്‍ ഈ നായ കൊലചെയ്യപ്പെടുന്നിടത്താണ് ചിത്രത്തിന്റെ തുടക്കം. ചിത്രം പ്രേക്ഷക ശ്രദ്ധയും നിരൂപകപ്രീതിയും നേടിയപ്പോള്‍ ഈ നായയും ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന് മാരി സെല്‍വരാജിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2018ല്‍ പുറത്തെത്തിയ പരിയേറും പെരുമാള്‍. ജാതിരാഷ്ട്രീയം മൂര്‍ച്ചയോടെ പറഞ്ഞ ചിത്രത്തില്‍ കറുപ്പി എന്ന, നായയുടെ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു.