Latest Malayalam News - മലയാളം വാർത്തകൾ

വിവാദ ഹിജാബ് നിരോധനത്തിന് ഇളവ് നല്‍കി കര്‍ണാടക സര്‍ക്കാര്‍

NATIONAL NEWS-ബംഗളുരു : കര്‍ണാടകയില്‍ വന്‍ വിവാദത്തിന് ഇടയാക്കിയ ഹിജാബ് നിരോധനത്തില്‍ ഇളവു നല്‍കി സംസ്ഥാന സര്‍ക്കാര്‍.
മത്സര പരീക്ഷയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കികൊണ്ട് കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍ ഉത്തരവിറക്കിയത്.

എന്നാല്‍ ഉത്തരവിനെതിരെ പ്രതിഷേധിക്കുമെന്ന് ഹിന്ദു അനുകൂല സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കുന്ന തീരുമാനത്തെ പിന്തുണയ്ക്കുകയും ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സുധാകര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

വിദ്യാര്‍ത്ഥികളോട് പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘വിദ്യാര്‍ത്ഥികളെ സമഗ്രമായി പരിശോധിക്കും. ഒരുതരത്തിലുള്ള അഴിമതികളും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇത് നീറ്റ് പ്രവേശന പരീക്ഷയില്‍ പോലും അനുവദനീയമാണ്, പ്രതിഷേധക്കുമെന്ന് പറഞ്ഞവരുടെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല, ഉത്തരവിനെതിരെ പ്രതിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഗ്രൂപ്പുകളോട് പ്രതികരിച്ചുകൊണ്ട് സുധാകര്‍ പറഞ്ഞു. ഇതൊരു പ്രത്യേക പ്രതിഷേധമാണ്. മറ്റൊരാളുടെ അവകാശങ്ങളെ ആര്‍ക്കും ഹനിക്കാനാവില്ല. ഇതൊരു മതേതര രാജ്യമാണ്,” അദ്ദേഹം പറഞ്ഞു.

2022 ജനുവരിയില്‍ ഉഡുപ്പി വിമന്‍സ് പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ മുസ്ലിം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.

Leave A Reply

Your email address will not be published.