LOCALNEWS കണ്ണൂർ:കണ്ണൂർ: കണ്ണൂരിലെ ജനങ്ങൾക്കിനി ആഘോഷത്തിന്റെ ഒൻപത് രാവുകൾ. രണ്ടാം ദസറ എന്നറിയപ്പെടുന്ന
കണ്ണൂർ നവരാത്രി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. നഗരത്തിലെ വാണിജ്യ മേഖലയെക്കൂടി ഉത്തേജിപ്പിച്ചിരുന്ന വ്യാപാര ഉത്സവം
കൂടിയാണ് ദസറ ആഘോഷം. കഴിഞ്ഞ വർഷങ്ങളിലെല്ലാം ജനങ്ങൾ വളരെ ആവേശത്തോടെയാണ് ദസറ ആഘോഷം ഏറ്റെടുത്തത്.
നാളെ മുതൽ 23 വരെ കളക്ടറേറ്റ് മൈതാനിയിലാണ് പരിപാടി. കോർപറേഷനാണ് വിപുലമായ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
‘നിറയട്ടെ നിറങ്ങൾ, മറയട്ടെ മാലിന്യങ്ങൾ’ എന്നതാണ് ഈ വർഷത്തെ കണ്ണൂർ ദസറയുടെ മുദ്രാവാക്യം.ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി മെഗാ ശുചീകരണം,
വിദ്യാർഥികൾക്കായുള്ള ചിത്രരചന മത്സരം, വ്ളോഗേഴ്സ് മീറ്റ്, പാഴ് വസ്തുക്കൾ ഉപയോഗിച്ച് ശിൽപനിർമാണം, കോർപറേഷൻ ടീമും പ്രസ് ക്ലബ്ബ് ടീമും തമ്മിലുള്ള
സൗഹൃദ ഫുട്ബോൾ മത്സരം, കൊടിയേറ്റം, മൺചിരാത് തെളിയിക്കൽ, വിളംബര ഘോഷയാത്ര തുടങ്ങിയ സംഘടിപ്പിച്ചു.
കഴിഞ്ഞദിവസം കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പോലീസ് മൈതാനിയിൽ മെഗാതിരുവാതിര അവതരിപ്പിച്ചു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് കെ സുധാകരൻ എംപി നിർവഹിക്കും. എഴുത്തുകാരൻ
ടി പത്മനാഭൻ ദീപം തെളിയിക്കും. സിനിമാതാരം രമേഷ് പിഷാരടി, എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, സജീവ് ജോസഫ്,
സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ പങ്കെടുക്കും.തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം
വൈകുന്നേരം 5.30ന് 16ന് കെവി സുമേഷ് എംഎൽഎ, 17ന് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, 18ന് പി സന്തോഷ് കുമാർ
എംപി, 19ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി, 20ന് കെ മുരളീധരൻ എംപി, 21ന് സണ്ണി ജോസഫ് എംഎൽഎ, 22ന് വി ശിവദാസൻ
എംപി, സമാപന സമ്മേളനം 23ന് ഡോ. എംപി അബ്ദുൽസമദ് സമദാനി എംപി എന്നിവർ ഉദ്ഘാടനം ചെയ്യുമെന്ന് മേയർ ടിഒ മോഹനൻ,
ഡെപ്യൂട്ടി മേയർ കെ ഷബീന, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാരായ എംപി രാജേഷ്, പി ഇന്ദിര, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു
എളയാവൂർ, കൗൺസിലർമാരായ മുസ് ലിഹ് മഠത്തിൽ, ടി രവീന്ദ്രൻ, എൻ ഉഷ, ദസറ കോ –
ഓർഡിനേറ്റർ കെസി രാജൻ, വിസി നാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒൻപത് രാവുകൾ കലപരിപാടികൾ ഇവയാണ് ,
15 – ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശ
16 – സിനിമാതാരം രചന നാരായണൻ കുട്ടി അവതരിപ്പിക്കുന്ന കുച്ചിപ്പുടി നൃത്താവിഷ്‌ക്കാരം
17 – പത്മശ്രി പെരുവനം കുട്ടൻ മാരാർ മയിക്കുന്ന പാണ്ടിമേളം
18 – സിനിമാതാരം ആശാ ശരത്ത് നയിക്കുന്ന ആശാനടനം നൃത്തപരിപാടി
19 – നസീർ സംക്രാന്തി നയിക്കുന്ന ബംബർ ചിരി മെഗാഷോ
20 – കണ്ണൂർ ഷെരീഖ് നയിക്കുന്ന ഗാനമേള
21- പ്രസീത ചാലക്കുടി നയിക്കുന്ന പതി ഫോക് ബാൻഡ്
20 – യുംന അജിൻ നയിക്കുന്ന യുംന ലൈവ് ഗസൽ
21 – അജയ് ഗോപാൽ നയിക്കുന്ന ഗാനമേള