60 കോടി ബജറ്റിൽ പുറത്തിറങ്ങിയ കങ്കണ റണൗട്ട് ചിത്രം ‘എമർജൻസി’ ബോക്സ്ഓഫീസിൽ തകർന്നടിയുകയാണ്. ഒരാഴ്ച്ച പിന്നിടുമ്പോൾ ബോക്സ്ഓഫീസിൽ നേടിയത് 14.41 കോടി രൂപ മാത്രമാണ്. ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് വേഷമിട്ട ചിത്രം ജനുവരി 17നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന് ആദ്യം തിയേറ്ററുകളിൽ മാന്യമായ തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് ബോക്സ് ഓഫീസ് കളക്ഷനിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സിനാണ്. ചിത്രത്തിൽ സഞ്‍ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരാണ്. കങ്കണ റണൗട്ട് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ട്രെയിലര്‍ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നാലെ സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. കങ്കണയുടെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.