KERALA NEWS TODAY PATHANAMTHITTA:പത്തനംതിട്ട: മാളികപ്പുറത്തെ ഗുരുതിയോടെ ശബരിമല സന്നിധാനത്ത് മകര വിളക്ക് ഉത്സവത്തിന് സമാപനം. കഴിഞ്ഞ അഞ്ച് ദിവസമായി നടന്ന കളമെഴുത്തും തുടർന്ന് മാളികപ്പുറത്തെ ഗുരുതിയോടെയുമാണ് ചടങ്ങുകൾ പൂർത്തിയായത്. മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ സമാപനം കുറിച്ച് ദോഷപരിഹാരങ്ങളും കൈപ്പിഴകളും മറ്റും ശമിക്കുന്നതിനും വേണ്ടി മാളികപ്പുറത്ത് കുന്നയ്ക്കാട്ട് കുറുപ്പന്മാരുടെ നേതൃത്വത്തിലാണ് ഗുരുതി നടത്തിയത്. ആചാരപ്രകാരം എല്ലാ വര്‍ഷവും മകരവിളക്ക് മഹോത്സവം കഴിഞ്ഞ് നടയടയക്കുന്നതിന്‍റെ തലേദിവസം രാത്രിയില്‍ മാളികപ്പുറത്ത് ഗുരുതി നടത്താറുണ്ട്.റാന്നി കുന്നയ്ക്കാട്ട് കുറുപ്പന്മാര്‍ക്ക് ഗുരുതിയും കളമെഴുത്ത് പാട്ടും നടത്താന്‍ പന്തളം രാജാവ് ആചാരപ്രകാരം അനുവാദം നല്‍കിയതാണ്. അയ്യപ്പന്‍റെ കളമെഴുത്തും പാട്ടും നടത്തിയ മാളികപ്പുറത്ത് മണിമണ്ഡപത്തിന് സമീപമാണ് ഗുരുതി നടത്തിയത്. കുന്നക്കാട്ട് കുടുംബത്തിലെ അജിത് ജനാർദന കുറുപ്പ്, രതീഷ് അയ്യപ്പ കുറുപ്പ്, ജയകുമാർ ജനാർദന കുറുപ്പ് എന്നിവരാണ് അനുഷ്ടാന ചടങ്ങുകൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. മകര വിളക്കിനെ തുടർന്ന് ബാലക ബ്രഹ്മ ചാരി, വില്ലാളി വീരൻ, രാജകുമാരൻ, പുലിവാഹനൻ, സർവ്വാഭരണ വിഭൂഷിതനായ അയ്യപ്പൻ തുടങ്ങിയ രൂപങ്ങളാണ് കളമെഴുതിയത്. ഗുരുതി നടത്തിയവര്‍ക്ക് ദക്ഷിണ നല്‍കിയതോടെയാണ് ചടങ്ങുകൾ സമാപിച്ചത്. ഗുരുതി ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് നിരവധി അയ്യപ്പഭക്തര്‍ മാളികപ്പുറത്ത് തങ്ങിയിരുന്നു.
