KERALA NEWS TODAY – കാസർകോട് :മിത്ത് വിവാദത്തെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കാസർകോട്ട് മാധ്യമപ്രവർത്തകർ ഇതെക്കുറിച്ചു ചോദിച്ചപ്പോൾ സുരേന്ദ്രൻ ഒഴിഞ്ഞുമാറി.
വ്യാഴാഴ്ച നടന്ന മഹിളാ മോർച്ച സംസ്ഥാനസമിതി യോഗത്തിലായിരുന്നു സുരേന്ദ്രന്റെ പരാമർശം.
2019ലെ ശബരിമല പ്രക്ഷോഭകാലത്ത് തല്ലുകൊണ്ടത് ബിജെപിക്കാരാണെന്നും എന്നാൽ മുതലെടുത്ത് ഗുണഭോക്താക്കളായത് മറ്റു ചിലരാണെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.
അതിലും ശക്തമായി വീണ്ടും തെരുവിലിറങ്ങണം.
ഇത്തവണ കഴുകന്മാർക്ക് മുതലെടുക്കാൻ അവസരമുണ്ടാകരുതെന്നും എട്ടുമാസത്തിനകം വരുന്ന തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനമുണ്ടാകണമെന്നും സുരേന്ദ്രന്റെ പറുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.
വർഗീയത പ്രചരിപ്പിക്കുന്നതിൽ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസെന്ന് കെ.സുരേന്ദ്രൻ ഇന്നു കാസർകോട്ട് പറഞ്ഞു.
പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ് റിയാസാണെന്ന് തെളിഞ്ഞു. സിപിഎം പാർട്ടി സെക്രട്ടറി ഗോവിന്ദനെ റിയാസ് തിരുത്തി, എം.വി.ഗോവിന്ദൻ റബർ സ്റ്റാംപ് ആണോയെന്ന് പരിശോധിക്കണം. ഗോവിന്ദന്റെ അപ്പുറം പറയാനുള്ള ധാർഷ്ട്യം റിയാസിന് എങ്ങനെ കിട്ടുന്നു.
മരുമകൻ പറഞ്ഞതാണോ പാർട്ടി സെക്രട്ടറി പറഞ്ഞതാണോ സർക്കാരിന്റെ നിലപാടെന്നറിയാൻ ആഗ്രഹമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഎം വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചിട്ടും നടക്കുന്നില്ല. സ്കൂൾ കലോത്സവത്തിൽ സ്വാഗത ഗാനത്തിൽ വർഗീയത കണ്ടെത്തിയ ആളാണ് മുഹമ്മദ് റിയാസെന്നും റിയാസിന്റെ നേതൃത്വത്തിൽ വർഗീയ ധ്രുവീകരണത്തിന് ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും മുഖ്യമന്ത്രി എന്ത് പ്രതികരിക്കും എന്നറിയണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സ്പീക്കർ ഷംസീർ മാപ്പ് പറയുന്നവരെ ശക്തമായ പ്രതിഷേധം തുടരുമെന്നും 10ന് നിയമസഭയ്ക്കു മുൻപിൽ നാമജപ ഘോഷയാത്ര നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഷംസീറിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് സഭാ സമ്മേളനത്തിൽ പങ്കെടുക്കുമോയെന്നും നിയമ സഭയ്ക്കുള്ളിൽ സ്പീക്കറെ ബഹിഷ്കരിക്കുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
ഈ വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പ് നയമാണ്. ശബരിമല വിഷയത്തിലും കോൺഗ്രസ് നിലപാട് ഇതായിരുന്നു. ഒരു ഘട്ടത്തിലും കോൺഗ്രസുമായി യോജിച്ച് സമരത്തിനില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.