NATIONAL NEWS-ന്യൂഡല്‍ഹി : വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച പീഡന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ കോടതിയില്‍.
ഗുസ്തി താരങ്ങളുടെ പള്‍സ് നിരക്ക് പരിശോധിക്കുക മാത്രമാണ് ബ്രിജ്ഭൂഷണ്‍ ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷന്‍ കോടതിയില്‍ വാദിച്ചു.
ലൈംഗിക ഉദ്ദേശ്യമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റമല്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
ആറ് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്രിജ് ഭൂഷണിനെതിരെ കേസ് ഫയല്‍ ചെയ്തത്.
കേസില്‍ ഒക്ടോബര്‍ 19-ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കൂടുതല്‍ വാദംകേള്‍ക്കും.
കേന്ദ്ര കായിക മന്ത്രാലയം മേല്‍നോട്ട സമിതി രൂപവത്കരിക്കുന്നതുവരെ പരാതികളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബ്രിജ് ഭൂഷണിന്റെ അഭിഭാഷകന്‍ പറഞ്ഞു. കുറ്റകരമായ ഉപദ്രവവും ലൈംഗിക അതിക്രമവും തമ്മില്‍ വ്യത്യാസമുണ്ടെന്നും വാദത്തിനിടെ അദ്ദേഹം പറഞ്ഞു.
‘ബ്രിജ് ഭൂഷണ്‍ ഏതെങ്കിലും പെണ്‍കുട്ടിയെ അനുചിതമായ രീതിയില്‍ സ്പര്‍ശിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്ന് സാക്ഷികളില്‍ ഒരാള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പള്‍സ് നിരക്ക് പരിശോധിക്കാറുണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. ലൈംഗിക ഉദ്ദേശമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റമല്ല’, അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ ആരേയും തന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയിട്ടില്ല. പരാതിക്കാരി സ്വയമേവ വന്നതാണെന്നും ബ്രിജ്ഭൂഷണ്‍ കോടതിയില്‍ വ്യക്തമാക്കി.