യു.എസ് സൈന്യത്തിന്‍റെ രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ തടവിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി. ബ്രിട്ടനിലെ ബെൽമാർഷ് ജയിലിൽ കഴിയുകയായിരുന്ന അസാൻജ് ജയിൽമോചിതനായെന്നും പിന്നാലെ ആസ്ട്രേലിയയിലെ വീട്ടിലേക്ക് മടങ്ങിയെന്നും വിക്കിലീക്സ് അറിയിച്ചു. അഞ്ച് വർഷത്തിലേറെയായുള്ള ജയിൽവാസത്തിനൊടുവിലാണ് ജാമ്യം.
യു.എസ് രഹസ്യരേഖകൾ പുറത്തുവിട്ട സംഭവത്തിൽ അസാൻജിനെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ 17 എണ്ണം ചാരവൃത്തിയുമായി ബന്ധപ്പെട്ടതാണ്. 15 വർഷം മുമ്പ് നടന്ന സംഭവത്തിനുപിന്നാലെ ആസ്ട്രേലിയൻ കമ്പ്യൂട്ടർ വിദഗ്ധനായ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴുവർഷം അഭയം തേടിയിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന കേസിൽ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.