കണ്ണൂർ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. വൈകുന്നേരം നാലുമണിയോടെ ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. നിലവിൽ ഇയാളുമായി ജയിലിൽ തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്.
ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു ജയിൽ ചാട്ടത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി. കണ്ണൂർ അതിസുരക്ഷാ ജയിലിൽ കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്ളോക്ക് ബിയിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. അടുത്തിടെ വരെ സെല്ലിൽ ഇയാൾ മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ച് മാസങ്ങളായി ഒരു തമിഴ്നാട്ടുകാരൻ കൂടി ഈ സെല്ലിൽ ഉണ്ട്.
ഇന്ന് പുലർച്ചെ ഒന്നരയോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി.