വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. ട്രയൽ റൺ തുടക്കമായതിനാൽ വളരെ പതുക്കെയാണ് കപ്പലിൽ നിന്നും ചരക്കിറക്കുന്നത്. അതിനാൽ കൂടുതൽ സമയം ചരക്കിറക്കുന്നതിന് എടുക്കുന്നുണ്ടെന്നാണ് തുറമുഖ അധികൃതർ നൽകുന്ന വിവരം. 1000ഓളം കണ്ടെയ്നറുകൾ ഇതുവരെ ഇറക്കിയിട്ടുണ്ടെന്നാണ് വിവരം. കണ്ടെയ്നർ ഇറക്കുന്നത് പൂർത്തിയായാൽ ഇന്നോ നാളെയോ സാൻ ഫർണാണ്ടോ തീരം വിടും. 15ന് ആണ് സാൻ ഫർണാണ്ടോയുടെ കൊളംബോ തീരത്തെ ബർത്തിങ് നിശ്ചയിച്ചിരുന്നത്. കപ്പൽ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊണ്ടുപോകാൻ ഫീഡർ കപ്പൽ എത്തുമെന്നാണ് സൂചന.
