ഗാസ സിറ്റിയെ ഇടിച്ച് നിരത്തി ഇസ്രയേല്‍ ടാങ്കുകള്‍. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി നടന്ന ആക്രമണത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കുടിയിറക്കപ്പെടുകയും ചെയ്തു. ഇന്നലെ യുദ്ധത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് മുന്നോടിയായിരുന്നു അക്രമങ്ങള്‍. ഗാസ സിറ്റിയുടെ വടക്കേ അറ്റത്തെ നഗരമായ എബാദ് അല്‍റഹ്‌മാനിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ പ്രവേശിക്കുകയും ഷെല്ലാക്രമണം നടത്തുകയുമായിരുന്നു.
ഹമാസിന്റെ അവസാന കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ഗാസ സിറ്റിയില്‍ പുതിയ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പറഞ്ഞിരുന്നു. ഗാസ എന്‍ക്ലേവിലെ 20 ലക്ഷം വരുന്ന ജനങ്ങളില്‍ പകുതിപ്പേരും താമസിക്കുന്നത് ഗാസ സിറ്റിയിലാണ്. എന്നാല്‍ ഇവരോട് ഗാസ സിറ്റി വിട്ട് പോകാനാണ് ഇസ്രയേല്‍ നിര്‍ദ്ദേശിക്കുന്നത്. പടിഞ്ഞാറന്‍ ഗാസയിലെ ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി ഇന്റലിജന്‍സിന്റെ തലവന്‍ മഹ്‌മൂദ് അല്‍ അസ്‌വാദിനെ ഓഗസ്റ്റ് 22ന് കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. എന്നാല്‍ ഹമാസ് ഇതുവരെ മരണം സ്ഥിരീകരിച്ചിട്ടില്ല.