Latest Malayalam News - മലയാളം വാർത്തകൾ

നിക്ഷേപത്തട്ടിപ്പ്: മുന്‍മന്ത്രി വി.എസ് ശിവകുമാറിനെതിരേ കേസെടുത്തു, മൂന്നാം പ്രതി

KERALA NEWS TODAY-തിരുവനന്തപുരം : അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനെതിരേ കേസെടുത്തു.
സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബാങ്കിലെ നിക്ഷേപകനായ ശാന്തിവിള സ്വദേശിയായ മധുസൂദനന്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.
10 ലക്ഷം രൂപയാണ് മധുസൂദനന്‍ ബാങ്കില്‍ നിക്ഷേപിച്ചത്. ശിവകുമാര്‍ പറഞ്ഞത് അനുസരിച്ചാണ് ബാങ്കില്‍ പണം നിക്ഷേപിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. രാജേന്ദ്രന്‍ വിഎസ് ശിവകുമാറിന്റെ ബിനാമിയാണെന്നാണ് പരാതിക്കാരടക്കം ആരോപിക്കുന്നത്.

കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളിലായിരുന്നു അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ശാഖകള്‍ ഉണ്ടായിരുന്നത്. ഇവിടങ്ങളില്‍ നിക്ഷേപം നടത്തിയവര്‍ക്കാണ് പണം നഷ്ടമായതെന്നാണ് ആരോപണം. 300ലേറെപ്പേര്‍ക്കായി 13 കോടിയോളം രൂപ ഇത്തരത്തില്‍ നിക്ഷേപത്തുക കിട്ടാനുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

നിക്ഷേപകര്‍ നേരത്തെ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഡിജിപിക്കും ഇതുസംബന്ധിച്ച പരാതികള്‍ നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുന്നിതിനിടെയാണ് കരമന പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ശിവുകുമാറിന്റെ വീടിന് മുന്നിലും നിക്ഷേപകര്‍ പ്രതിഷേധിച്ചിരുന്നു.

Leave A Reply

Your email address will not be published.