നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകും. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും മറ്റൊരു കേസിൽ പ്രതിയായ കാര്യം അന്വേഷണസംഘം കോടതിയെ അറിയിക്കും. പൾസർ സുനിയുടെ ജാമ്യം റദ്ദാക്കി ജയിലിൽ അടയ്ക്കണമെന്നും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും. കഴിഞ്ഞ ദിവസം ഹോട്ടലിൽ അതിക്രമം നടത്തിയ സംഭവത്തിൽ സുനിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാനുളള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. എറണാകുളം രായമംഗലത്തുള്ള ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് കേസ്. ഭക്ഷണം വൈകിയതിന് ഹോട്ടൽ ജീവനക്കാർക്ക് നേരെ പൾസർ സുനി ഭീഷണിയുയർത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പിന്നാലെ ഹോട്ടലിലെ കുപ്പി ഗ്ലാസ്സുകൾ ഇയാൾ എറിഞ്ഞു പൊട്ടിക്കുകയുമായിരുന്നു. ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ കുറുപ്പുംപടി പൊലീസ് ആണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
