റോഡിൽ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സമീപത്തെ ഫ്ളാറ്റിലെ താമസക്കാരെ പോലീസ് ചോദ്യംചെയ്തതിൽ കുറ്റസമ്മതം. കുഞ്ഞിനെ റോഡിലേക്കെറിഞ്ഞത് അമ്മതന്നെയെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്‍റെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണർ ശ്യാം സുന്ദര്‍ വ്യക്തമാക്കി. അപാര്‍ട്ട്മെന്റിലെ അഭയ കുമാര്‍, ഭാര്യ, ഇരുപത് വയസുള്ള മകള്‍ എന്നിവരെയാണ് പോലീസ് ചോദ്യംചെയ്തിരുന്നത്. ഇവര്‍ തമസിച്ചിരുന്ന ഫ്‌ലാറ്റിലെ തറയില്‍നിന്നും ശുചിമുറിയിൽ നിന്നും രക്തക്കറ കണ്ടെത്തിയിരുന്നു. എറണാകുളത്ത് ബിസിനസ് ചെയ്യുകയാണ് അഭയകുമാര്‍. രാവിലെയാണ് പനമ്പള്ളിനഗറിലെ ഫ്‌ളാറ്റിന് സമീപത്തുള്ളവര്‍ റോഡില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ പുറത്തേക്കെറിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.