Latest Malayalam News - മലയാളം വാർത്തകൾ

യുപിയിൽ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബാധ

NATIONAL NEWS-ലക്നൗ : ഉത്തർപ്രദേശിലെ കാൻപുരിൽ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തി.
തലസേമിയ രോഗബാധയെ തുടർന്നാണ് കുട്ടികൾക്കു രക്തം നൽകിയത്.
രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് പിഴവിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
കാൻപുരില ലാല ലജ്പത് റായ് സർക്കാർ ആശുപത്രിയിലാണ് സംഭവം.

180 തലസേമിയ രോഗികളാണ് ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ചത്. 14 കുട്ടികൾ സ്വകാര്യ, ജില്ലാ ആശുപത്രികളിൽനിന്നും രക്തം സ്വീകരിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും സ്ഥിരീകരിച്ചത്. ആറ് – 16 വയസ് പ്രായമുള്ള കുട്ടികൾക്കാണ് വൈറസ് ബാധയുണ്ടായത്. ഇതിൽ ഏഴു പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ചു പേർക്ക് ഹെപറ്റൈറ്റിസ് സിയും രണ്ടു പേർക്ക് എച്ച്ഐവിയുമാണ് സ്ഥിരീകരിച്ചതെന്ന് ലാല ലജ്പത് റായ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവിയും നോഡൽ ഓഫിസറുമായ ഡോ. അരുൺ ആര്യ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് രോഗബാധിതരായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചവരെ ഗാസ്ട്രോ എൻട്രോളജി വിഭാഗത്തിലേക്കും എച്ച്ഐവി ബാധിതരെ കാൻപുരിലെ ആശുപത്രിയിലേക്കും മാറ്റിയതായി ഡോ.അരുൺ അറിയിച്ചു. തലസേമിയ രോഗത്തിന്റെ പിടിയിലായ കുട്ടികൾക്ക് ഈ വൈറസ് ബാധ കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. സാധാരണ ഗതിയിൽ ആരെങ്കിലും രക്തം ദാനം ചെയ്താൽ അതു പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ വൈറസ് സാന്നിധ്യം കണ്ടെത്താറുണ്ട്. എന്നാൽ കുട്ടികൾ ‘വിൻഡോ പീരിഡി’ൽ ആയിരിക്കണം രക്തം സ്വീകരിച്ചതെന്ന് ഡോക്ടർ വിശദീകരിച്ചു. ഈ ഘട്ടത്തിൽ രക്തത്തിലുള്ള വൈറസിന്റെ സാന്നിധ്യം പരിശോധനയിൽ മനസിലാക്കാനാകില്ല.

Leave A Reply

Your email address will not be published.