കൊല്ലം കുന്നത്തൂരിൽ കളിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥി കാല്‍വഴുതി കിണറ്റില്‍ വീണു. കുന്നത്തൂര്‍ തുരുത്തിക്കര എംടി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫെവിനാണ് കിണറ്റില്‍ വീണത്. സംഭവം കണ്ടുനിന്ന സ്‌കൂള്‍ ജീവനക്കാരനാണ് കിണറ്റില്‍ ഇറങ്ങി കുട്ടിയെ വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുട്ടി കാല്‍ വഴുതിയാണ് കിണറ്റില്‍ വീണത്.
കുട്ടിയെ പരിക്കുകളോടെ കൊല്ലത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂളിലെ കിണറിന് മറയില്ലാത്തതും പൊക്കക്കുറവുമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥരടക്കം സ്കൂളിൽ സന്ദർശനം നടത്തുകയും കിണറിന്റെ മൂടി പകുതിയും ദ്രവിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. വിശദമായ അന്വേഷണം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ കൃത്യമായ റിപ്പോർട്ട് തയ്യാറാക്കി ഡിഒയ്ക്കും,ഡിഡിഇയ്ക്കും വകുപ്പ് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയുണ്ടാകുക.