Latest Malayalam News - മലയാളം വാർത്തകൾ

പൊലീസുകാർ മദ്യപിച്ചെത്തിയാൽ ഇനി മേലുദ്യോഗസ്ഥൻ കുടുങ്ങും; ഡ്യൂട്ടിക്ക് ചിലർ മദ്യപിച്ചുവരുന്നുവെന്ന് എഡിജിപി

KERALA NEWS TODAY-തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയാൽ ഇനി മേലുദ്യോഗസ്ഥൻകൂടി ഉത്തരം പറയണം.
വകുപ്പുതല നടപടിയുണ്ടാകുമ്പോൾ യൂണിറ്റ് മേധാവിയും സ്റ്റേഷൻ ഹൗസ് ഓഫീസറുംകൂടി കുടുങ്ങും.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറാണ് സർക്കുലർ പുറപ്പെടുവിച്ചത്.
പൊലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എഡിജിപി തന്നെ ചൂണ്ടിക്കാട്ടുന്നു.
ഇത്തരക്കാർ കൃത്യനിർവഹണത്തിൽ ഏർപ്പെടാതെ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുകയും പല സ്ഥലങ്ങളിലും സംഘർഷങ്ങൾക്ക് കാരണക്കാരാവുകയും ചെയ്യുന്നു.
ഇത്തരം ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് കൗൺസലിങ് നൽകി ശരിയായ മാർഗത്തിൽ കൊണ്ടുവരേണ്ടത് ജില്ലാ പൊലീസ് മേധാവിമാരും ബന്ധപ്പെട്ട യൂണിറ്റ് മേധാവിമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുമാണെന്നും എഡിജിപി വ്യക്തമാക്കി.
ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ച് ഓഫീസിൽ വരുന്നില്ലെന്നും ലഹരി ഉപയോഗിച്ചശേഷം ജോലി ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്താത്തത് മേലധികാരികളുടെ നിരുത്തരവാദപരമായ പ്രവൃത്തിയാകുമെന്നാണ് മുന്നറിയിപ്പ്.
ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വരുകയോ ഡ്യൂട്ടിയിൽ തുടരുകയോ ചെയ്താൽ പൂർണ ഉത്തരവാദിത്തം അതാത് യൂണിറ്റ് മേധാവിമാർക്കായിരിക്കുമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.