തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയൻ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി തുടങ്ങി. സർവീസിൽ നിന്നും പുറത്താക്കുന്നതിന് ഐബി നടപടികൾ ആരംഭിച്ചു. അതേസമയം സുകാന്ത് സുരേഷ് ഇപ്പോഴും ഒളിവിലാണെന്നും പ്രതിയെക്കുറിച്ച് വിവരങ്ങൾ ഇല്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഗുരുതര വകുപ്പുകൾ ചുമത്തി പ്രതിചേർത്തതോടെയാണ് സുകാന്തിനെതിരെ വകുപ്പുതല നടപടികൾ ഐ ബി വേഗത്തിലാക്കിയത്. ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പുറത്താക്കുന്നതിനാണ് നീക്കം. പ്രൊബേഷൻ സമയമായതിനാൽ നിയമ തടസ്സങ്ങൾ ഇല്ലെന്ന് ഐ ബി വിലയിരുത്തുന്നു. സുകാന്ത് ജോലി ചെയ്തിരുന്ന കൊച്ചി വിമാനത്താവളത്തിന്റെ ചുമതലയുള്ള കൃഷ്ണരാജ് ഐപിഎസ് ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഐബി ഉദ്യോഗസ്ഥയുടെ മരണശേഷം ഒളിവിൽ പോയ സുകാന്ത് സുരേഷിനെ ഇനിയും പോലീസിനെ കണ്ടെത്താനായിട്ടില്ല. പ്രതിയെക്കുറിച്ച് വിവരങ്ങൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
