KERALA NEWS TODAY – കോട്ടയം: പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിൽ യുവതിയുടെ ഭർത്താവും മരിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം.
മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം.
യുവതിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച നിലയിലാണ് ഷിനോ മാത്യുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് ഈ മാസം 19നായിരുന്നു യുവതി ദാരുണമായി കൊല്ലപ്പെട്ടത്. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
സംഭവസമയത്ത് യുവതിയുടെ പിതാവും സഹോദരനും ജോലിക്ക് പോയിരുന്നു. മക്കൾ കളിക്കാൻ പോയിരുന്നു.
ഇവർ മടങ്ങിവന്നപ്പോഴാണ് യുവതിയെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടത്. യുവതി നൽകിയ പരാതിയെത്തുടർന്നാണ് ഭർത്താവടക്കം ഏഴുപേരെ പങ്കാളിയെ കൈമാറ്റം ചെയ്ത സംഭവത്തിൽ അറസ്റ്റ് ചെയ്തത്.