കൊല്ലം കടയ്ക്കലിൽ 1 .17 കിലോഗ്രാം കഞ്ചാവുമായി അച്ചു എന്ന് വിളിപ്പേരുള്ള വിപിൻ പിടിയിലായി. കൊല്ലം റൂറൽ ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
പത്തോളം കഞ്ചാവ് കേസിലെ പ്രതിയായ വിപിനും കൂട്ടാളികളും സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 1 .17 കിലോഗ്രാം കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
കൊല്ലം റൂറൽ ഡാൻസാഫ് എസ്ഐ ജ്യോതിഷ് ചിറവൂറിന്റെ നേതൃത്വത്തിൽ സജു, വിപിൻ, ദിലീപ്,നഹാസ് എന്നിവരടങ്ങുന്ന ഡാൻസ് ടീമും കടയ്ക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുബിൻ തങ്കച്ചൻ, സബ് ഇൻസ്പെക്ടർ ഷിജു എന്നിവരുടെ സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
നിരവധി കഞ്ചാവ് കേസിലെ കണ്ണിയായി പ്രവർത്തിച്ച് വരുന്ന വിപിൻ അയൽ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ചു വില്പന നടത്താറുണ്ട്. ആറുമാസം മുമ്പ് രണ്ടര കിലോ കഞ്ചാവുമായി ചിതറയിൽ നിന്നും ഇയാൾ പിടിയിലായിരുന്നു. ഓണക്കാലം കണക്കിലെടുത്ത് തുടർന്നും ജില്ലയിലുടനീളം കർശന പരിശോധന ഉണ്ടാകുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് റ്റികെ ഐപിഎസ് അറിയിച്ചു.