പാലക്കാട് കോട്ടോപ്പാടത്ത് ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിൽ തള്ളിയതായി പരാതി. പുലർച്ചെ 3 മണിക്ക് ടാങ്കർ ലോറിയിൽ ആണ് മാലിന്യം തള്ളിയിരിക്കുന്നത്. മാലിന്യം തള്ളിയ മൂന്നു പേരെ മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കോസ്‌വേക്ക് താഴെ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന തടയണയിൽ ആണ് എടത്തനാട്ടുകര കോട്ടപ്പള്ള ഭാഗത്തുനിന്ന് ഹോട്ടലിലെ മാലന്യം തള്ളിയിരിക്കുന്നത്. കാപ്പുപറമ്പ്, തുളക്കല്ല്, മുണ്ടക്കുന്ന്, കണ്ണംകുണ്ട്, പൂക്കാടഞ്ചേരി, പാലക്കടവ്, എന്നീ പ്രദേശങ്ങളിലെ നിരവധി ആളുകൾ ഉപയോഗിക്കുന്ന പുഴയാണിത്. വെള്ളത്തിന് ദുർഗന്ധം വന്നപ്പോഴാണ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിൽ പരാതി നൽകി.
