Latest Malayalam News - മലയാളം വാർത്തകൾ

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെയെണ്ണം 29 ആയി;60-ലേറെപ്പേര്‍  ചികിത്സയില്‍

Chennai

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെയെണ്ണം 29 ആയി. 60-ലേറെപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിങ് മീണയെയും മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു.

അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡി.ക്കു കൈമാറി. ചെന്നൈയില്‍നിന്ന് 250 കിലോമീറ്ററോളം അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമായി വ്യാജമദ്യവില്‍പ്പനക്കാരില്‍നിന്ന് പാക്കറ്റു ചാരായം വാങ്ങിക്കഴിച്ച കൂലിവേലക്കാരാണ് ദുരന്തത്തിനിരയായത്.

മദ്യപിച്ചു വീട്ടിലെത്തിയ ഉടനെ തലവദേനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പത്തോളം പേരെ രാത്രിതന്നെ കള്ളക്കുറിച്ചി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച കൂടുതല്‍പേര്‍ ആശുപത്രികളിലെത്തി. വിദഗ്ധ ചികിത്സ വേണ്ടവരെ പുതുച്ചേരി ജിപ്മര്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ളവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.

 

Leave A Reply

Your email address will not be published.