കോഴിക്കോട് കൊയിലാണ്ടി കുറുവാങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച് ഹൈക്കോടതി. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ദേവസ്വത്തിന്റെ കടമയാണെന്ന് ഹൈക്കോടതി പറഞ്ഞു. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിര്‍ത്തിയതെന്നും ആനകളെ തുടര്‍ച്ചയായി യാത്ര ചെയ്യിക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. 25 കിലോ മീറ്റര്‍ വേഗതയിലാണ് വാഹനത്തില്‍ ആനകളെ കൊണ്ടുപോയതെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയെ അറിയിച്ചു. ഒന്നര മാസമായി ആനകളെ പലയിടത്തായി എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നുവെന്നും ഇക്കാര്യം രജിസ്റ്ററില്‍ വ്യക്തമാണെന്നും ഹൈക്കോടതി നിർദേശിച്ചു. ഒരു ദിവസം നൂറ് കിലോ മീറ്ററിലധികം ദൂരം ആനകളെ കൊണ്ടുപോയെന്നും കോടതി നിരീക്ഷിച്ചു. പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നേടിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ എക്‌സപ്ലോസീവ്‌സ് നിയമം അനുസരിച്ച് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും അസ്വഭാവിക മരണത്തിനും കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു.
