Latest Malayalam News - മലയാളം വാർത്തകൾ

കനത്ത മഴ തുടരുന്നു; ഇടുക്കിയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു;നഗരങ്ങളിൽ പലയിടത്തും വെള്ളക്കെട്ട്  

Thiruvananthapuram

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു. മഴ മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെയാണ് രാത്രിയാത്രക്ക് ജില്ല കലക്ടർ നിരോധനമേർപ്പെടുത്തിയത്. നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ല പൊലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർ, തഹസിൽദാർമാർ എന്നിവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലങ്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലെ മിക്ക സ്ഥലത്തും വെള്ളക്കെട്ട് ഉണ്ടായി.

ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെഡ്‌, ഓറഞ്ച്‌ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിയന്ത്രണങ്ങൾ ഏര്‍പെടുത്തുന്നതിനും വിനോദസഞ്ചാര വകുപ്പ്‌, ഡി.ടി.പി.സി, ഹൈഡല്‍ ടൂറിസം, വനംവകുപ്പ്‌, കെ.എസ്‌.ഇ.ബി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവർക്ക്ചുമതല നൽകി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്‌ മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ്‌ വരുത്തണം. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും മുന്നറിയിപ്പ് നൽകണം. ജില്ലയിലെ ഓഫ്‌ റോഡ്‌ സഫാരി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.